Friday, June 17, 2016

നോമ്പു കാലം

നോമ്പ് എന്നെ സംബന്ധിച്ചിടത്തോളം നിശബ്ദതയാണ്...രാവിലെ സാധാരണ ദിവസങ്ങളിൽ കലപില കൂട്ടുന്ന കാക്കകളും കിളികളും കോഴികളും വരെ നോമ്പിന് നിശബ്ദരായിരിക്കും...അത്താഴ സമയത്ത് ഉണ്ടാവും എല്ലാ വീട്ടിലും വെളിച്ചവും ബഹളവും ..അയൽപക്കങ്ങളിലെ ജമീല താത്തയും  പെണ്ണൂവിയാത്തയും എല്ലാം മക്കളെ വിളിച്ചുണർത്തുന്ന ബഹളം...പാത്രങ്ങൾ എടുക്കുന്നു ഭക്ഷണം കഴിക്കാൻ വിളിക്കുന്നൂ...വീട്ടിലും ഇതു തന്നെ അവസ്ഥ..പപ്പ വന്ന് എന്നെ കുറേ വിളിക്കും..വിളിക്കുന്നത് പപ്പ ആയോണ്ട് ഇതു വരെ അയൽപക്കക്കാർ അറിഞ്ഞിട്ടില്ല.എന്നിട്ടും എഴുന്നേൽക്കാൻ മടിച്ച് പറയും എനിക്ക് ചോറു വേണ്ടെന്ന്..പിന്നെ ദാദ വന്ന് പുതപ്പ് എടുത്ത് മാറ്റി കാലിൽ പിടിച്ച് വലിച്ച് താഴെയിടും...പിന്നെ താഴെ വന്ന് പല്ല് തേച്ച് ചോറ് കഴിക്കുന്ന വരെ മിണ്ടില്ല..ദാദയോടാണ് പിണക്കം. ചോറു തിന്ന് കഴിയുമ്പോഴേക്കും ഉമ്മ കട്ടൻ ചായയുമായിട്ട് വരും..തലേ ദിവസത്തെ ഇഫ്താറിന് ബാക്കിയുണ്ടായ സമൂസയ്ക്കും ബ്രഡ് പൊരിച്ചതിനും പിന്നെ അടിയായി...അടിയുണ്ടാക്കാൻ വേണ്ടി മാത്രം ദാദ കട്ടൻ ചായ വരെ അടിച്ചു മാറ്റും.

പിന്നെ ബാങ്ക് വിളിക്കുന്ന വരെ സോഫയിൽ ചടഞ്ഞ് കൂടി ഇരിക്കാനാവും ശ്രമം..ദാദ പിന്നെയും വരും ഇടങ്ങേറാക്കാൻ...പിണങ്ങി ഉമ്മയുടെ അടുത്ത് പോയി കിടക്കും..അവിടേയും വരും...ഇതിനിടയിലെപ്പഴോ ഉസ്താദ് ബാങ്ക് വിളിച്ചിട്ടുണ്ടാവും...പിന്നെ എല്ലാവരും നിസ്ക്കാരവും ശേഷം ഉറക്കം മുഴുമിപ്പിക്കാനും...
നേരം വെളുത്തെന്ന് അറിയിക്കുന്ന സ്ഥലത്തെ പ്രധാന പൂവൻ കോഴികൾ വരെ വോളിയം കുറച്ച പോലെയാണ്..പിന്നെ വൈകീട്ട് അസർ നിസ്ക്കാരം കഴിഞ്ഞാൽ ശബ്ദങ്ങളുടെ വരവായി...പാത്രങ്ങൾ തട്ടി മുട്ടുന്ന ബഹളം...ഇഫ്താറിനൊരുങ്ങുന്ന മീൻ ഇറച്ചി കഷണങ്ങൾക്കായി കാക്കകളും പൂച്ചകളും ഇടക്ക് കോഴികളും...തമ്മിലുള്ള കടിപിടി...അങ്ങനെ..ശബ്ദമുഖരിതമാവും അന്തരീക്ഷം..
നോമ്പില്ലാത്ത കുട്ടിക്കാലത്ത് എല്ലാ വീടുകളിലേയും ആദ്യത്തെ പത്തിരി ഞാനടങ്ങുന്ന കുട്ടിപട്ടാളത്തിനുള്ളതാണ്...നോമ്പ് തുറന്ന ശേഷം ഞാൻ നേരെ മാനുവാക്കയുടേയും ജമീലതാത്തയുടേയും വീട്ടിലേക്ക് വിടും...ഇറച്ചിയും വാഴക്കയും കറി അല്ലെങ്കിൽ പൂള (കപ്പ) കറി കഴിക്കാൻ...അതിന്നും എൻറെ അവകാശമായി ഞാൻ കാണുന്നു. കല്ല്യാണം കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് ശേഷവും ആ രുചികൾ നാവിൽ നിന്നു പോയിട്ടില്ല...ഇന്നും കൊതിക്കുന്നു എന്നെങ്കിലും നോമ്പിന് വീട്ടിലേക്ക് പോവുന്നുവെങ്കിൽ ആസ്വദിക്കണം ഓരോ രുചിയും ഓരോ ഓർമ്മയും..