Thursday, January 26, 2017

Jai Hind!

കുട്ടിക്കാലത്ത്,സ്കൂളിൽ ഗൈഡ്സ്-എൻ സി സി യൂണിഫോം ഒക്കെയിട്ട്..നെഞ്ചത്ത് ഇന്ത്യൻ ഫ്ളാഗും കുത്തി രാവിലെ അസംബ്ലിയ്ക് പോവുമ്പോ ഒരു രാഷ്ട്രപതി പതാക ഉയർത്താൻ പോവുന്ന ഭാവമായിരുന്നു എനിക്ക്! തൊണ്ട പൊട്ടി" ജംണ്ഡാ ഊംച്ഛാ രഹേ ഹമാര" "സാരേ ജഹാംസെ അച്ഛാ" എല്ലാം പാടുമ്പോൾ ഞാനറിയാതെ എന്റെ കണ്ണ് നിറയുമായിരുന്നു, രോമങ്ങൾ എഴുന്നേറ്റ് നിൽക്കുമായിരുന്നു. ഇന്നും ദേശീയഗാനം കേൾക്കുമ്പോൾ എന്നെ എഴുന്നേൽപ്പിച്ച് നിർത്തുന്നത് ബാല്യത്തിൽ സ്വാതന്ത്ര്യ സമര കഥകളും മറ്റും കേട്ടു മുളപൊട്ടിയ ദേശസ്നേഹമാണ്! അല്ലാതെ പാകിസ്ഥാനിൽ പോവേണ്ടി വരുമെന്ന ഭയമല്ല! ഇന്ത്യയിൽ ജനിച്ചു വളർന്ന ഏതൊരാൾക്കും ഇന്ത്യ എന്ന വികാരം ഒന്നാണെന്നും ഞാനിന്നും വിശ്വസിക്കുന്നു..

സ്കൂളിലെ ആഘോഷങ്ങൾ കഴിഞ്ഞു വന്ന ശേഷം അയൽപക്കത്തെ ബാല്യകാല സുഹൃത്തുക്കളോടൊപ്പം ഇതു പോലെ ഒരു പതാക ഉയർത്തലും,പ്രസംഗവും, മിഠായി വിതരണവും നിറഞ്ഞ ഒരു ബാല്യവും എനിക്കുണ്ടായിരുന്നു എന്നതിൽ ഞാനഭിമാനിക്കുന്നു.

Thursday, January 5, 2017

അയിച്ചൂട്ടി

മുക്കം ആലിൻ ചുവട്ടിൽ നിന്നും നാഷണൽ ബേക്കറി,റെയിൻബോ സ്റ്റോർസ് എന്നീ കടകളുടെ  ഇടത് വശത്തൂടെ മുക്കം മുസ്ലീം ഓർഫനേജും കഴിഞ്ഞ് നടന്നാൽ പള്ളിയായി. പള്ളിയുടെ എതിർ വശത്തായാണ് തറവാട്. പള്ളിയിലെ പഴയ മൊല്ലാക്ക ആയിരുന്നു ഞങ്ങളുടെ എല്ലാം വല്യാപ്പ.  തറവാട്ടു പേര് കളരിക്കൽ എന്നായിരുന്നെങ്കിലും ഞാറക്കാട് എന്നാണ് ആ വീട് അറിയപ്പെട്ടിരുന്നത്. വീടിനു ചുറ്റും ചെങ്കല്ലു കൊണ്ട് മതിലു കെട്ടിയിട്ടുണ്ടായി.അങ്ങനെ വല്യ മതിലൊന്നുമല്ല..സാമാന്യം പൊക്കമുള്ള ഒരാൾക്ക് ഒന്ന് എത്തി നോക്കിയാൽ പുറത്തേക്കു കാണാം. വീട് വലതു വശത്തായാണ് ഇരുന്നത്..പുറകിലേക്ക് വളരെ കുറച്ചേ സ്ഥലമുണ്ടായുള്ളൂ,അവിടെ ഒരു വാളൻ പുളിമരം ഉണ്ടായി. മുൻവശത്തായി ഒരു കിണർ..കിണറിന്റെ അടുത്തായി ഒരു എരുങ്ങാപുളി (ചെമ്മീൻ പുളി എന്നും പറയും). എരുങ്ങാപുളി മരം കഴിഞ്ഞാൽ അലക്ക് കല്ല്..അതിനടുത്തായി ഓല കൊണ്ട് ഒരു മറപ്പുര.. അതും കഴിഞ്ഞ് മുൻപോട്ടു പോയാൽ രണ്ടു കക്കൂസ്. കക്കൂസിന്റെ പഴയ മരവാതിലുകൾ ചാരി വെക്കാം അടക്കാനൊന്നും പറ്റില്ല.കക്കൂസെന്നു പറഞ്ഞാൽ മൂത്രം പോവാനൊരു ചെറിയ കുഴിയും മലം പോവാൻ പുറകിലായിട്ട് വലിയൊരു കുഴിയും. ചെറിയ കുട്ടിയായിരുന്നപ്പോൾ എപ്പോഴും മുൻവശത്തെ കുഴിയിൽ തന്നെയാണോ മൂത്രം വീഴുന്നത് എന്നു നോക്കിയിരിക്കും. ആ കുഴിയിൽ നിന്നും ഇടയ്ക്ക് പാറ്റകളുടെ കൊമ്പുകൾ പുറത്തേക്ക് വരും,ഇടയ്ക്ക് പാറ്റ മുഴുവനായും. രാത്രിയായാൽ ആരും കക്കൂസിലേക്കൊന്നും പോവില്ല,മുറ്റത്ത് തന്നെ കാര്യം സാധിക്കും. കക്കൂസിലൊന്നും ലൈറ്റൊന്നും ഇല്ല. മുറ്റത്ത് ഒരു മഞ്ഞപ്പൂ മരം ഉണ്ടായി.മഞ്ഞപ്പൂക്കൾ പൂത്തു കഴിഞ്ഞാൽ പിന്നെ എന്നും സ്കൂളിൽ നിന്ന് ഊണ് കഴിക്കാൻ വരുമ്പോ ഓരോ കുല പറിച്ചു കൊണ്ടു പോവും.അതിന്റെ മൊട്ടുകൾ നെറ്റിയിൽ കുത്തി പൊട്ടിക്കും.പിന്നെ പിന്നെ അടുത്ത കൂട്ടുകാരികൾക്ക് പിറന്നാൾ സമ്മാനങ്ങൾ വരെയായി അവ.  മുറ്റത്തെ മഞ്ഞപ്പൂ മരം പൂത്തുലഞ്ഞ് നിൽക്കുന്നത് ഓർമ്മയിൽ മായാതെ കിടക്കുന്ന കാരണമാവും ഇപ്പോഴും മഞ്ഞ നിറം എനിക്കേറെ പ്രിയപ്പെട്ടതായത്.

മൂന്ന് പടികൾ കയറിയാൽ നീളത്തിലൊരു കോലായി. രണ്ട് മരത്തൂണുകളുണ്ടായി,കോലായിയിൽ.
മഞ്ഞ പെയിന്റായിരുന്നു തൂണുകൾക്കും വാതിലിനും ജനലുകൾക്കും. കോലായിൽ രണ്ടു വശത്തും പഴയ പച്ചയും നീലയും കളറുള്ള ഇരുമ്പിന്റെ കസേരകളുണ്ടായി. രണ്ടു വശത്തെ ചുവരിലും വായു സഞ്ചാരത്തിനായി ഇംഗ്ളീഷ് അക്ഷരം "ടി" തല തിരിച്ചിട്ടാലുള്ള ആകൃതിയിൽ രണ്ട് ഓട്ടകൾ. അകത്തേക്ക് കടന്നാൽ കോലായിയുടെ അതേ നീളത്തിൽ ഒരു മുറി. അവിടെ വലത് വശത്തായി ഒരു മേശ.ചുവപ്പ് പ്രതലത്തിൽ വെള്ള പൂക്കളായിരുന്നു മേശയുടെ ഡിസൈൻ. രണ്ടു വശത്തും രണ്ടു പാളിയുള്ള മഞ്ഞ നിറമണിഞ്ഞ ജനലുകൾ. ഇടത് വശത്ത് മുകളിലേക്ക് കോണിപ്പടികൾ. ഇടത് വശത്തെ ഒരു ചെറിയ ഇടനാഴി,അതിന്റെ വലത് വശത്താായി കുറച്ച് പൊക്കത്തിലായി രണ്ട് മുറികൾ. ഒന്ന് ഇരുട്ടു മുറി എന്നാണറിയപ്പെട്ടിരുന്നത്.രണ്ടാമത്തെ മുറി അന്നത്തെ സ്റ്റോർ റൂം.ഇരുട്ടു മുറിയിൽ ഒരു മഞ്ച (പത്തായം) ഉണ്ട്. ഇരുട്ടു മുറിക്കിരുവശവും വാതിലുകളുണ്ടായി..പക്ഷേ വാതിൽ പൊളികളില്ല. ഈ രണ്ട് മുറികൾക്ക് എതിർ വശത്തായിട്ടായിരുന്നു അടുക്കള. നിലത്ത് നിന്ന് അൽപം പൊക്കിയ തറയിൽ രണ്ട് വിറകടുപ്പും അവയ്ക്കിടയിൽ ഒരു ഇടയടപ്പും. പുറത്തേക്ക് തുറക്കുന്ന ഒരു വലിയ ജനാലയുണ്ടായി അടുക്കളയിൽ. ജനാലയ്ക്ക് വലതു വശത്തായി ഒരു തിണ്ണ .അതിലായിരുന്നു കൊട്ടത്തളവും അമ്മി തറയും. ഇരുട്ടു മുറിയ്ക്കിരുവശവുമുള്ള ഇടനാഴികൾ അവസാനിക്കുന്നത് ഓരോ കിടപ്പറകളിലായിരുന്നു.എന്റെ കുട്ടിക്കാലത്ത് വലത് വശത്തെ ഇടനാഴി അവസാനിക്കുന്നതായിരുന്നു അയിച്ചൂട്ടിമ്മയുടെ കിടപ്പുമുറി.കോണി കയറി മുകളിൽ ചെന്നാൽ മൂന്ന് കിടപ്പു മുറികളും ഒരു ഇടനാഴിയും. ഒരു പാത്തിയും. പാത്തി എന്നു വച്ചാൽ മൂത്രമൊഴിക്കാനുള്ള അന്നത്തെ അറ്റാച്ഡ് സംവിധാനം.കിടക്കുന്നേനു മുൻപേ താഴെ പോയി വിടാവിൽ നിന്നും കിണ്ടിയിൽ വെള്ളം കൊണ്ടു പോയി വെക്കണം.ഈ വീടും അതിനുള്ളിലെ മക്കളും,മരുമക്കളും പിന്നെ ഞങ്ങൾ പേരക്കുട്ടികളുമായിരുന്നു അയിച്ചൂട്ടിയുടെ ലോകം.

അയിച്ചൂട്ടി എന്നു പറഞ്ഞാൽ ഓർമ്മയിൽ വരുക മെലിഞ്ഞു നെഞ്ചിലെ വാരിയെല്ലൊക്കെ ഉന്തി,വയറൊട്ടിയ ഒരു രൂപമാണ്.മുണ്ടും നീളൻ ബ്ളൗസുമായിരുന്നു വേഷം.തലയിൽ ഒരു തട്ടം ചുറ്റിക്കെട്ടി ഇട്ടിട്ടുണ്ടാവും. തറവാട്ടിലെ അമ്മിയും അയിച്ചൂട്ടിയുടെ ശരീരവും ഒരു പോലെ ഇരുന്നു, ഉരഞ്ഞുരഞ്ഞ് നടു ഭാഗം കുഴിഞ്ഞിരുന്നു രണ്ടിന്റേയും.ഞാനും എന്റെ മൂന്നു കസിൻസും സ്കൂളിൽ പോവാറായപ്പോഴേക്കും തറവാട്ടിലെ ബഹളമൊക്കെ ഒതുങ്ങിയിരുന്നു.എന്നാലും അതിനൊക്കെ മുൻപ് അയിച്ചൂട്ടി വെച്ചു,വിളമ്പി ഊട്ടിയവരുടെ കണക്കെടുത്താൽ കണ്ണു മിഴിച്ചു നിൽക്കാനേ ആവൂ.
അയിച്ചൂട്ടിമ്മ എന്നെയും പിന്നീട് എനിക്ക് ശേഷം വന്ന മിന്നു,ചിന്നു,ഇച്ചുവിനേയും തൊട്ടിലാട്ടുന്നതും അപ്പോ പാടുന്ന താരാട്ടും ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്.
"ലായില ചൊല്ലണ കുട്ടിയ്ക്ക്
പൊൻവള വേണം തട്ടാനേ"
ഒരിക്കൽ പോലും അയിച്ചൂട്ടിമ്മയുടെ താരാട്ട് അയിച്ചൂട്ടിമ്മയുടെ തൊണ്ടയിൽ നിന്നും തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ ചെവിയ്ക്കപ്പുറത്തേക്ക് സഞ്ചരിച്ചിട്ടില്ല. അത്ര പതുങ്ങിയാണ് അയിച്ചൂട്ടിമ്മ ജീവിച്ചതും...ആ വീട്ടിൽ ഉരുകി തീർന്ന ഒരു ജൻമം. വല്ല്യ മൂത്താപ്പയുടെ നിഴലായിരുന്നു അയിച്ചൂട്ടിമ്മ എന്നു വേണേൽ പറയാം. അയിച്ചൂട്ടിമ്മ മരിച്ചു കിടന്നപ്പോൾ മയ്യത്ത് കൊണ്ടു പോവുന്നേനു മുൻപ് അവസാനമായിട്ട് മൂത്താപ്പ കാണാൻ വന്നപ്പോ മരിച്ചു കിടന്ന അയിച്ചൂട്ടിമ്മയുടെ കണ്ണുകൾ തുറന്ന് മൂത്താപ്പയെ നോക്കി പെട്ടെന്നടഞ്ഞു എന്നാണ് മയ്യത്തിനടുത്തിരുന്നു ഖുറാൻ ഓതി കൊണ്ടിരുന്നവർ പറഞ്ഞത്. അന്ന് വല്യ മൂത്തുമ്മ പറഞ്ഞു നല്ല മയ്യത്തുകൾക്ക്  പടച്ചോൻ ഏറ്റവും പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ ഭാഗ്യം കൊടുക്കുമെന്നാണ്...മൂത്താപ്പയെ അല്ലാതെ ആരെ കാണാൻ അയിച്ചൂട്ടിമ്മ! അയിച്ചൂട്ടിമ്മ കണ്ണ് തുറന്നതും മൂത്തുമ്മയുടെ വിശ്വാസവും എല്ലാം തോന്നലുകളാവാം..പക്ഷേ ഞാനത് സത്യമാവണേന്ന് ആഗ്രഹിക്കുന്നു..അയിച്ചൂട്ടിമ്മ ഒരു നല്ല മയത്താണെന്നും..ഭൂമിയിൽ കിട്ടാതിരുന്ന എല്ലാ ഭാഗ്യങ്ങളും അയിച്ചൂട്ടിമ്മയ്ക്ക് സ്വർഗ്ഗത്തിൽ കിട്ടുമെന്നും വിശ്വസിക്കാൻ അതെനിക്ക് കരുത്തു പകരും.

ഒരു പ്രായത്തിൽ എന്റെ തല നിറയേ പേനായിരുന്നു. ഞങ്ങൾ പെൺകുട്ടികൾക്ക് ഭൂരിഭാഗവും പാരമ്പര്യമായി കിട്ടിയിരുന്നു പേൻശല്യം. അയിച്ചൂട്ടിമ്മ മാത്രം എല്ലാവരുടേയും തലകൾ ഈരിയും തേച്ചു കുളിപ്പിച്ചും പേനിനെ പേടിച്ച് ഇടയ്ക്ക് മുടി വെട്ടി കളഞ്ഞും പൊരുതി കൊണ്ടിരുന്നു. രണ്ടാം ക്ളാസിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു..പേൻ ശല്യം കൂടി തല മാന്തി പൊട്ടിയപ്പോ ആ ഭാഗത്തെ മാത്രം മുടി വെട്ടി ചുരണ്ടി കളഞ്ഞു അയിച്ചൂട്ടിമ്മ!! സബ് ജില്ലാ കലോത്സവത്തിന് ആംഗ്യപ്പാട്ടിനു കൊണ്ടു പോവാൻ ഉമ്മ സ്കൂളിൽ നിന്നും വൽസമ്മ ടീച്ചറുടെ മോൾ കുഞ്ഞുവിന്റെ പട്ടു പാവാടയുമായി വന്നപ്പോ എന്റെ ഹെയർ സ്റ്റൈലും സ്റ്റൈലിസ്റ്റിനേയും കണ്ട് തലയിൽ കൈ വച്ചിരുന്നു പോയി! ഇതിനെ ഞാനിനി എങ്ങനെ മത്സരത്തിനു കൊണ്ടു പോവുമെന്ന് ചോദിച്ചപ്പൊ അയിച്ചൂട്ടിമ്മ പറഞ്ഞു ഈ ചെയ്ത്താൻ ഇന്നോട് മത്സരത്തിന്റെ കാര്യം പറഞ്ഞില്ല താത്തേ..ഇല്ലെങ്കിൽ നാളെ വെട്ടിയാ മതിയായിരുന്നൂന്ന്!! അന്ന് പക്ഷേ ഞാൻ മത്സരത്തിനു പോവുകയും സമ്മാനം വാങ്ങിക്കുകയും ചെയ്തു. അയിച്ചൂട്ടിമ്മ തന്നെ പ്രതിവിധി കണ്ടെത്തി..മുറ്റത്തെ മുല്ല പറിച്ചു കോർത്ത് ചുരണ്ടിയ തല പൂ വച്ച് മൂടി ! "ചെയ്ത്താൻ" എന്ന വിളിയിൽ സ്നേഹക്കൂടുതലും സന്തോഷവും അയിച്ചൂട്ടിമ്മ വിളിക്കുമ്പോഴെ തോന്നിയിട്ടുണ്ടാവൂ ഞങ്ങൾക്കെല്ലാവർക്കും..

ഞാൻ മുട്ടിലിഴയുന്ന പ്രായത്തിൽ എന്നെ അടുത്തിരുത്തി അലക്കി കൊണ്ടിരുന്ന അയിച്ചൂട്ടിമ്മ പെട്ടെന്നു കണ്ടത് ഞാൻ മുട്ടിലിഴഞ്ഞ് പോയി ആൾമറയില്ലാത്ത കിണറ്റിലേക്ക് കാലുകളിട്ട് ആട്ടി ഇരിക്കുന്നതാണ്. ഒച്ച വെച്ചാൽ ഞാൻ ഞെട്ടി കിണറ്റിൽ വീഴും..പതുക്കെ ശബ്ദമുണ്ടാക്കാതെ വന്ന് പുറകിലൂടെ എന്നെ വാരിയെടുത്ത് അയിച്ചൂട്ടിമ്മ പടച്ചോനേ എന്റെ  കുട്ടീ എന്നും പറഞ്ഞ് ആ കിണറ്റിൻ കരയിലിരുന്ന് കരഞ്ഞെന്ന് ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഉമ്മയും പപ്പയും സ്കൂൾ വിട്ട് വരുമ്പോ എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഞാനെന്ത് പറയും എന്നും പറഞ്ഞ് അയിച്ചൂട്ടി കരഞ്ഞ കരച്ചിൽ ഉമ്മ ഒരിക്കലും മറക്കില്ലെന്നും.

ഹൈസ്കൂളിലൊക്കെ പഠിക്കുമ്പോ സ്കൂൾ വിട്ടു വന്ന് പപ്പയെ കാത്തിരിക്കുമ്പോ അയിച്ചൂട്ടിമ്മ മടിച്ചു മടിച്ചു ചോദിക്കും "നന്ദ്വോ അയിച്ചൂട്ടിമ്മക്ക് കുറച്ച് വെള്ളം കോരി തര്വോ" ആ കാലത്തും തറവാട്ടിൽ മോട്ടോറൊന്നും വച്ചിട്ടുണ്ടായില്ല. പാവം അയിച്ചൂട്ടിമ്മ വെളുപ്പ് മുതൽ വെള്ളം കോരി കൊണ്ടേ ഇരുന്നു. ക്ഷീണം കാരണമായിരുന്നു ഇടയ്ക്ക് ഞങ്ങളോട് സഹായം ചോദിച്ചിരുന്നത് പാവം! അതു പോലെ അയിച്ചൂട്ടിമ്മയ്ക്ക് "മനോരമ" ആഴ്ചപതിപ്പ് വാങ്ങാൻ ഞങ്ങളെ വിടും ഇടയ്ക്ക്..അതിന് പ്രത്യുപകാരമെന്ന കണക്കിന് ഞങ്ങളോട് മിഠായി വാങ്ങിച്ചോളാൻ പറയും. അച്ചാറ് വാങ്ങിക്കരുതെന്ന് പ്രത്യേകം പറയും.

എന്റെ പതിനാറാം വയസ്സിൽ നല്ലൊരു ആലോചന വന്നപ്പോൾ വിവാഹം പറഞ്ഞുറപ്പിച്ചു വെച്ചിരുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയോ എന്തോ ഒരു വർഷം ആയപ്പോഴേക്ക് അയാളുമായിട്ട് ഒത്തു പോവാനാവില്ലെന്ന് എനിക്ക് മനസ്സിലായി. ആ പ്രായത്തിലായോണ്ട് ഞാൻ മറ്റു ലോകകാര്യങ്ങളെ കുറിച്ചൊന്നും കുറിച്ച് ആലോചിക്കാതെ അയാളെ വേണ്ടെന്നു പറഞ്ഞു. പ്രശ്നങ്ങളുണ്ടായി..ഉമ്മ കരച്ചിലും ബഹളവുമൊക്കെയായി..ഞാനിനി ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ എന്നായിരുന്നു ഉമ്മയുടെ പേടി. അന്ന് അയിച്ചൂട്ടിമ്മ ഉമ്മയെ സമാധാനിപ്പിച്ചു." ഇല്ല താത്തേ നന്ദൂനെ ഇന്ക്കറിയാം.ഞാൻ നോക്കി വളർത്തിയ കുട്ടിയാ ഓള്. ഓളെ മനസ്സിലങ്ങനൊന്നും ഇല്ല. അത്രക്കൊന്നും ആയിട്ടില്ല അത്. അയാളുമായിട്ട് ഓള് ചേരൂല്ല..ഓള് പഠിക്കട്ടെ" അന്ന് അയിച്ചൂട്ടിമ്മ എന്നിൽ കാണിച്ച വിശ്വാസം എന്റെ പോറ്റുമ്മയുടെ വില എനിക്ക് മനസ്സിലാക്കി തന്നു. എന്റെ പൊട്ടിത്തെറിക്കുന്ന സ്വഭാവത്തിന് പിന്നിലെ യഥാർത്ഥ മുഖം അയിച്ചൂട്ടിമ്മ മനസ്സിലാക്കിയ പോലെ അന്നു വരെ വേറെയാരും മനസ്സിലാക്കിയിട്ടില്ലായിരുന്നു.

അയിച്ചൂട്ടിമ്മയുടെ മകൾ ജസിയാത്ത പടച്ചവന്റെ അനുഗ്രഹത്താലും അയിച്ചൂട്ടിമ്മ ചെയ്ത പുണ്യത്താലും സുഖമായിട്ട് ഭർത്താവും മൂന്നു മക്കളുമായി ദോഹയിലുണ്ട്. ഞങ്ങളാണ് ജസിയാത്തയുടെ ആകെയുള്ള ബന്ധുക്കൾ!!
അയിച്ചൂട്ടിമ്മ മരിച്ചിട്ട് ഡിസംബറിൽ 12 വർഷങ്ങൾ കഴിഞ്ഞു..ആഗ്രഹിച്ച പോലെ ആരേയും ബുദ്ധിമുട്ടിക്കാതെ പെട്ടെന്നൊരു ദിവസം അയിച്ചൂട്ടിമ്മ പോയി,ഞങ്ങൾ കുറേ മക്കളെ ഇട്ടിട്ട്...

ഈ പോസ്റ്റ് ഒരുപാട് നീണ്ടു പോയെന്നറിയാം. അയിച്ചൂട്ടിമ്മയെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഞങ്ങൾക്കാർക്കും നിർത്താൻ പെട്ടെന്നു പറ്റില്ല! അത്രയെങ്കിലും ഞങ്ങൾക്ക് ബാധ്യതയുണ്ട്...