Thursday, August 4, 2016

പ്രണയം

ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഞാൻ കണ്ടറിഞ്ഞ,കേട്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ കുറച്ചു പ്രണയ കഥകളാണ് ഇത്തവണത്തെ വിഷയം!

പ്രണയം എന്താണെന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ പെട്ടത് തന്നെ! പലർക്കും പലതായിരിക്കും പറയാനുണ്ടാവുക. എനിക്കും അങ്ങനെയൊക്കെ തന്നെ! ആദ്യമൊക്കെ ഞാൻ പറയുമായിരുന്നു, ശരിക്കും ഒരാളെ ഇഷ്ടപ്പെടുമ്പോൾ നമ്മളവരെ സ്വതന്ത്രരാക്കി വിടുമെന്നൊക്കെ...പക്ഷേ ഇപ്പൊ എനിക്കു തോന്നുന്നു..പറക്കാൻ വിട്ടാലും പറന്നു പോകാതെ ഒരാളെ പിടിച്ചു നിർത്തുന്നതാണ് പ്രണയമെന്ന്..ആകാശം മാടി വിളിക്കുമ്പോഴും ഭൂമിയിലെ ഒരു മരത്തിൽ കൂട് വെച്ച് പതുക്കെ ,പതുക്കെ പറക്കാനറിയാമായിരുന്നു എന്നു പോലും മറന്നു പോയ കുറേ ജൻമങ്ങൾ..

ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ഈ പ്രേമം രംഗ പ്രവേശം ചെയ്യുന്നത് (പ്രേമം അതിനും അനേക വർഷങ്ങൾക്ക് മുൻപേ ഉണ്ടെങ്കിലും എനിക്ക് നേരിടേണ്ടി വന്നത് അന്നാണ്)  ഈ ഒമ്പതാം ക്ലാസ് പ്രേമിക്കാൻ യോഗ്യതയുള്ള ക്ലാസാണോ എന്നൊന്നും ആലോചിക്കണ്ട!! ഞാൻ പഠിച്ചത് ഗേൾസ് ഓൺലി സ്ക്കൂളിലാണ്..അതു കൊണ്ടു തന്നെ ആൺ കുട്ടികളെ കാണുന്നത് സ്കൂളിലേക്കും തിരിച്ചുമുള്ള നടത്തങ്ങളിലാണ്..ഒരേ മുഖങ്ങൾ, ഒരേ സമയത്ത് ഒരേ ഭാവത്തോടെ വഴിയിൽ കാണുമായിരുന്നു..അങ്ങനെയിരിക്കെയാണ് ഞങ്ങളിൽ ഒരുവൾക്ക് അവളുടെ അയൽവാസിയും കളിക്കൂട്ടുകാരനുമായ ഒരാളോട് ഒരു ഇഷ്ടം മുളക്കുന്നത്..ഞങ്ങളുടെ ഗ്യാങ്ങിലെ ആദ്യത്തെ പ്രണയം..പറഞ്ഞേ തീരൂ എന്ന് ഞങ്ങൾ തീരുമാനിച്ചു...കൂട്ടത്തിൽ തൊലിക്കട്ടി കൂടുതലായോണ്ടും ഈ കക്ഷിയെ പരിചയമുള്ളോണ്ടും നറുക്ക് എനിക്ക് തന്നെ വീണു. ഞാനും വേറെ ഒരു കൂട്ടുകാരിയും കൂടെ കാര്യം അവതരിപ്പിച്ചു. മറുപടിയ്ക്ക് ഒരു ദിവസം മുഴുവൻ ഞങ്ങൾ കാത്തിരുന്നു. അവൻ നോ എന്ന് പറയുമെന്ന് ഞങ്ങൾ ആലോചിച്ചു കൂടിയില്ല..പിറ്റേ ദിവസം കാമുകി കരഞ്ഞു വീർത്ത കണ്ണുകളുമായാണ് രംഗ പ്രവേശം ചെയ്തത്..അവനവളെ ഇഷ്ടമല്ലെന്നു മാത്രമല്ല, പകരം അവനിഷ്ടം എന്നെയാണെന്നും പറഞ്ഞ് ഒരു കത്ത് അവളുടെ കയ്യിൽ തന്നെ കൊടുത്തു വിട്ടിരിക്കുന്നു!! ഞങ്ങളുടെ ഇടയിൽ അന്നു വന്ന വിള്ളളൽ ഇതു വരെ നികക്കാൻ പറ്റിയിട്ടില്ല! പ്രേമമോ നടന്നില്ല ,ഒരു സൗഹൃദം ഉടയുകയും ചെയ്തു. പിന്നീട് മൂന്നു നാല് വർഷങ്ങൾക്കു ശേഷം ഞാനും കഥാനായകനും നല്ല സുഹൃത്തുക്കളായി..സുഹൃത് ബന്ധം കൂടി കൂടി എല്ലാ ആൺ-പെൺ സൗഹൃദങ്ങളിലും സംഭവിക്കുന്നതു പോലെ അവനെന്നെ നഷ്ടപ്പെടാൻ വയ്യ എന്നവസ്ഥ വന്നു. ഇനി അഥവാ അങ്ങനെ തോന്നിയില്ലെങ്കിലും എല്ലാവരും കൂടി അതങ്ങനെയാക്കി മാറ്റുമല്ലോ..ആ കാര്യത്തിൽ ഞങ്ങൾ പിന്നെയും ഉടക്കി. എൻറെ കൂട്ടുകാരിയോടുള്ള വഞ്ചനയാവുമെന്നു ഞാൻ സ്വയം വിശ്വസിപ്പിച്ചോണ്ടാണോ എന്ന് എനിക്കിപ്പോഴും അറിയാത്ത,ഉറപ്പില്ലാത്ത കാരണം കൊണ്ട് ഞാനവനെ ഒരുപാട് വേദനിപ്പിച്ചു....

ഏകദേശം ഇതേ കാലയളവിൽ തന്നെയായിരുന്നു മറ്റൊരു പ്രധാനപ്പെട്ട പ്രണയാഭ്യർത്ഥന കടന്നു വന്നത്...ഒരു കസിൻറെ ഭർതൃ സഹോദരൻ...ഞങ്ങൾ പരസ്പരം കത്തുകൾ അയച്ചിരുന്നു..ഒരു സൗഹൃദത്തിനപ്പുറത്തേക്ക് ഒരിക്കലും വളരില്ലെന്ന് എനിക്കുറപ്പുണ്ടായ ഒരാൾ.പക്ഷേ അതും..ഈ പുള്ളിയുടെ കല്ല്യാണം നിശ്ചയിച്ച ശേഷവും എന്നോട് ചോദിച്ചു..എന്നിട്ടു പറഞ്ഞു നീ എന്നെ ഇഷ്ടമാണെന്ന് ഇപ്പൊ പെട്ടെന്നു പറയുമെന്ന പ്രതീക്ഷയിലല്ല ചോദിച്ചത്...ഒരിക്കൽ കൂടി അവസാനമായിട്ട് ഞാൻ ചോദിച്ചില്ലല്ലോ എന്നൊരു കുറ്റബോധം എനിക്ക് സ്വയം ഇല്ലാതിരിക്കാനാണെന്ന്...ഒരുപാട് വേദനിപ്പിച്ച മറ്റൊരാൾ...

ഈ പറഞ്ഞ രണ്ടു പേരേയും ഞാൻ മനഃപൂർവ്വം വേദനിപ്പിച്ചതല്ല..സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാനാവില്ലല്ലോ...സൗഹൃദത്തിനപ്പുറത്തേക്ക് കൊണ്ടു പോവാൻ മാത്രം അടുപ്പം തോന്നിയില്ല...എനിക്ക് പറക്കാനുള്ള ആകാശം വിട്ട് ഇവരോടൊപ്പം ഒതുങ്ങി  ജീവിക്കാൻ മാത്രമുള്ള പ്രണയം എന്റെ ഉള്ളിൽ ഉറവയെടുത്തിരുന്നില്ല.. ഇവർ രണ്ടു പേരും ഇപ്പോഴും എന്നെ വെറുക്കാതെ, എന്റെ നൻമക്കായി പ്രാർത്ഥിച്ച്...ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും സ്നേഹിച്ചോണ്ട് കൂടെയുണ്ട്..അതാണവർ എനിക്ക് നൽകുന്ന ശിക്ഷ..

വേറെയും ഉണ്ടായി രണ്ടു പേർ...കോളേജിൽ പഠിക്കുന്ന സമയത്ത്..പക്ഷേ അതിലെനിക്ക് കുറ്റബോധം തോന്നിയിട്ടില്ല, കാരണം ഞാനവരോട് അടുത്ത് പെരുമാറിയിട്ടില്ല..ഞാൻ എന്താണെന്ന് അവർക്കടുത്തറിയില്ല...ബാഹ്യ സൗന്ദര്യം മാത്രമായിരിക്കാം ആകർശിച്ചത്...പക്ഷേ കല്യാണം കഴിഞ്ഞിട്ടും ( എന്റെയും അവരുടേയും) ഇടയ്ക്ക് കട്ട് ചാറ്റാനുള്ള തത്രപ്പാട് കാണുമ്പോൾ തോന്നും തെറ്റു പറ്റിയെന്ന്...ഒരാളിപ്പോഴും കല്യാണമന്വേഷിച്ചു നടക്കുന്നു...

ഈ ബഹളത്തിനിടയിൽ എപ്പഴോ ആണ് എന്നെ കൂട്ടിലടച്ച് എന്റെ ഭർത്താവ് രംഗ പ്രവേശം ചെയ്തത്...എന്റെ സ്വപ്നങ്ങളേക്കാളും ആഗ്രഹങ്ങളേക്കാളും ആളിന്റെ സന്തോഷങ്ങൾക്ക് മുൻതൂക്കം കൂടിയപ്പോ ഞാനറിഞ്ഞു...ഇതാണ് പ്രണയം..

പക്ഷേ യഥാർത്ഥ പ്രണയം വീണ്ടും എന്നെ തേടി വന്നു...എന്റെ ചോരയും നീരും ഊറ്റി കുടിച്ച്..എനിക്കൊരുപാട് വേദനകൾ നൽകിയാണ് അവൾ വന്നതെങ്കിലും...ആ കുഞ്ഞു മുഖം, ആ കുഞ്ഞു കൈകാലുകൾ കണ്ടപ്പോൾ ഞാനറിഞ്ഞു..എന്റെ ഹൃൃദയം നിറയെ പ്രണയം തുളുമ്പുന്നത്...ഒരമ്മയാവുമ്പോഴേ എന്താണ് നിസ്വാർത്ഥ പ്രണയമെന്നറിയൂ...ഒരേ സമയം നിസ്സഹായയും അതേ പോലെ ശക്തിസ്വരൂപിണിയും ആക്കാൻ കഴിവുള്ള പ്രണയം...

ഞാൻ വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കുന്നു..നിങ്ങളറിഞ്ഞ പ്രണയം ഞാനറിയാൻ കുറേ കൂടെ സമയം വേണ്ടി വന്നു... 


No comments:

Post a Comment